Monday, December 30, 2013

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്‍

കണ്ടന്റ് ഡെവലപ്‌മെന്റ്

കൃഷ്ണകുമാര്‍,
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, ഗ്രീന്‍ പെപ്പര്‍ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

 

വിവരങ്ങള്‍ ശേഖരിച്ച് എഴുതി തയാറാക്കി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതാണ് വെബ് കണ്ടന്റ് ഡെവലപ്‌മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ പരസ്യങ്ങള്‍ കൊണ്ട് മാത്രം ഇന്നത്തെ സാങ്കേതികമായി മുന്നേറിയ, സോഷ്യല്‍ മീഡിയയുടെയും മറ്റും സ്ഥിരം ഉപയോക്താക്കളായ ഉപഭോക്താക്കള ആകര്‍ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് എഴുതുന്ന കണ്ടന്റ് മാര്‍ക്കറ്റിംഗിനും നിരവധി അവസരങ്ങളുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൊണ്ട് പുറത്ത് ജോലിക്ക് പോകാന്‍ സാധിക്കാത്ത വീട്ടമ്മമാര്‍ക്ക് തികച്ചും അനുയോജ്യമായ സംരംഭമാണിത്.

ഏത് വെബ്‌സൈറ്റിനായാണോ എഴുതുന്നത് ഇതിന്റെ ഉദ്ദേശ്യമെന്താണെന്നും ഏത് തരം ഉപഭോക്താക്കളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും മനസിലാക്കി എഴുതുമ്പോഴാണ് കണ്ടന്റ് ഡെവലപ്‌മെന്റ് ഫലം കാണുന്നത്. സ്‌കൂള്‍ സയന്‍സ് ഫെയറിനെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റ് ആണെങ്കില്‍ അതില്‍ ഫെയറിനുള്ള നിയമങ്ങള്‍, വരാനുള്ള ഇവന്റുകളുടെ വിശദാംശങ്ങള്‍, മുമ്പ് വിജയിച്ച പ്രോജക്റ്റുകളുടെ പ്രത്യേകതകള്‍ എന്നിവ കൊടുക്കാം.

ആര്‍ക്ക് കഴിയും: സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായ അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, എഴുതാനുള്ള കഴിവുണ്ടോ, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷനിലുള്ള അടിസ്ഥാന അറിവ്... ഇത്രയുണ്ടെങ്കില്‍ നിങ്ങള്‍ക്കും കണ്ടന്റ് ഡെവലപ്പര്‍ ആകാം.
നിക്ഷേപം: കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍


സഞ്ജീവ് രാമചന്ദ്രന്‍,
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, സിയാഹി- ദ കണ്ടന്റ് & പി.ആര്‍ പീപ്പിള്‍മാനേജിംഗ് എഡിറ്റര്‍, Greenlichen.com

ഗ്രീന്‍ ടെക്‌നോളജി
നാം നമ്മുടെ സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ക്ക് പരിസ്ഥിതിയെ ഉപയോഗിക്കുന്നു. എന്നാല്‍ നാം എടുക്കുന്നതിന്റെ ഒരംശം പോലും തിരിച്ച് പ്രകൃതിക്ക് കൊടുക്കാന്‍ നാം തയാറാകുന്നില്ല. യുവ ടെക്‌നോളജി പ്രൊഫഷണലുകള്‍ ഗ്രീന്‍ ടെക്‌നോളജി അധിഷ്ഠിതമായി സംരംഭം വികസിപ്പിക്കാന്‍ തയാറായാല്‍ അത് പ്രകൃതിയുടെ നിലനില്‍പ്പിന് ഉപകാരപ്പെടുമെന്ന് മാത്രമല്ല, ലാഭകരമായ ഒരു സംരംഭവും കെട്ടിപ്പടുക്കാനാവും.

ഗ്രാമീണ രംഗത്ത് ഗ്രീന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി നിരവധി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനാകും. ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ എത്തിയിട്ടില്ല. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും എത്തിയിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണ് യുവ സംരംഭകര്‍ക്കുള്ള അവസരങ്ങളും.

അവസരങ്ങള്‍: ഗ്രീന്‍ ടെക്‌നോളജിയില്‍ ഒന്നല്ല, നിരവധി ബിസിനസ് അവസരങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. ഏതെങ്കിലും ഒരു ഗ്രാമത്തെ ദത്തെടുത്ത് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലൂടെ അവിടത്തെ വീടുകളിലും തെരുവുകളിലും മുഴുവന്‍ വൈദ്യുതി എത്തിക്കുക, ശുദ്ധജലം ലഭ്യമാക്കുക, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഫോസില്‍ ഫ്യുവലുകളുടെ ഉപയോഗം കുറയ്ക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുക... തുടങ്ങി അനേകം അവസരങ്ങള്‍ ഈ രംഗത്തുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന, അവര്‍ക്ക് പ്രയോജനകരമായ ഇത്തരം കാര്യങ്ങള്‍ ഒറ്റ പായ്‌ക്കേജായും നല്‍കാനാകും. ടീമായി സ്റ്റാര്‍ട്ടപ്പ് ബിസിനസ് ചെയ്യുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം.

മല്‍സ്യബന്ധന തൊഴിലാളികള്‍ക്കായി ഒരു പ്രദേശത്തുള്ള ജനങ്ങള്‍ക്ക് ജിപിഎസ് അധിഷ്ഠിതമായി മല്‍സ്യം എവിടുണ്ടെന്ന് കണ്ടുപിടിക്കാനാകുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നത് ഇതിന് ഒരു ഉദാഹരണമാണ്.

ഗ്രീന്‍ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളായതിനാലും ഗ്രാമീണ മേഖലയ്ക്ക് പ്രയോജനകരമായതിനാലും സര്‍ക്കാര്‍ സബ്‌സിഡികളും സഹായങ്ങളും സംരംഭകര്‍ക്ക് ലഭിച്ചേ ക്കാം. അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും സംരംഭത്തില്‍ നിക്ഷേപിക്കാന്‍ തയാറായേക്കും. അതിനേക്കാളുപരി പ്രകൃതിയെ സംരക്ഷിക്കാനുതകുന്ന ഒരു സംരംഭം സൃഷ്ടിച്ചെടുക്കാനായതിനാല്‍ യുവസംരംഭകര്‍ക്കും അഭിമാനിക്കാം.


ജിജോ ജോസഫ്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി

മൊബീല്‍ ഗെയ്മിംഗ്
വിമാനയാത്ര ചെയ്യുമ്പോള്‍ വരെ പല പ്രായത്തിലുള്ളവര്‍ ആംഗ്രി ബേഡ്‌സ് ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നല്ലൊരു മൊബീല്‍ ഗെയിം ആണെങ്കില്‍ പ്രായ
മോ പ്രൊഫൈലോ ഒന്നും വ്യത്യാസമില്ലാതെ ആളുകള്‍ അത് ഉപയോഗിച്ചു തുടങ്ങും. ഇവിടെയാണ് ക്രിയാത്മകമായ ഒരു മൊബീല്‍ ഗെയിം വികസിപ്പിക്കുന്നതിലുള്ള സാധ്യതകളും. നല്ല ഗെയിം വികസിപ്പിച്ചെടുക്കുന്നതിനോടൊപ്പം മികച്ച രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്താല്‍ ഈ രംഗത്ത് വിജയിക്കാം.

ആര്‍ക്ക് കഴിയും: പുറമേ നിന്നും നോക്കുമ്പോള്‍ ലളിതവും ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്നതുമാണ് നല്ലൊരു ഗെയിം. എന്നാല്‍ അതിസങ്കീര്‍ണമാണ് അത് വികസിപ്പിച്ചെടുക്കുന്ന പ്രോസസ്. എന്‍ജിനീയറിംഗ് പശ്ചാത്തലവും സാങ്കേതിക പരിജ്ഞാനവും മാത്രം പോര. ഇതിന് ക്രിയാത്മകതയുടെ അംശം വളരെ പ്രധാനമാണ്. യഥാര്‍ത്ഥ സ്‌കില്ലുള്ളവര്‍ക്ക് വിജയിക്കാന്‍ ഏറെ അവസരങ്ങളുണ്ട് ഈ രംഗത്ത്.

നിക്ഷേപം: മികച്ച ഗെയിം ഉണ്ടാക്കാന്‍ നല്ലൊരു ടീം മതി. എന്നാല്‍ ഗെയ്മിന്റെ മാര്‍ക്കറ്റിംഗ് ആണ് പ്രധാനം. അതിനാണ് മുതല്‍മുടക്ക് വേണ്ടി വരുന്നത്. സംരംഭകന് മാര്‍ക്കറ്റിംഗിലും
കഴിവു വേണം.


സോണി ജോയ്,
കോ-ഫൗണ്ടണ്ടര്‍ണ്ട & ഡയറക്റ്റര്‍, മോബ്മി വയര്‍ലെസ് സൊലൂഷന്‍സ്

കാര്‍ പൂളിംഗ് ആപ്ലിക്കേഷന്‍
തിരക്കും ബഹളവും, പിന്നെ ബസ് അല്ലെങ്കില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുന്നതിലുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ നഗരത്തിരക്കിലൂടെയുളള ഡ്രൈവിംഗ് ക്ലേശകരവും ചെലവേറിയതും തന്നെ. ഒരേ വഴിക്ക് ഓഫീസില്‍ പോകുന്നവര്‍ ഒന്നിച്ച് ഒരു കാറില്‍ വന്നാലോ... നല്ല ആശയം അല്ലേ? ഇതിനായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് സംരംഭമാക്കി മാറ്റാനുള്ള മികച്ച അവസരം യുവസംരംഭകര്‍ക്ക് മുന്നിലുണ്ട്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു: ആപ്ലിക്കേഷന്‍ തുറക്കുന്ന ആള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് പുറപ്പെടുന്ന ആളുകളുടെയും കാറുകളുടെയും വിവരങ്ങള്‍ അതിലൂടെ ലഭിക്കുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലൂടെ തന്നെ കാര്‍ പൂളിംഗിന് ബുക്ക് ചെയ്യാം. അതായത് പുറപ്പെടുന്ന കാറില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാം. സൗജന്യമായാണോ അതോ ചാര്‍ജ് ചെയ്താണോ ആളുകള്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത്, സുഹൃത്തുക്കളെ മാത്രമാണോ അതോ മറ്റുള്ളവര്‍ക്കും ലിഫ്റ്റ് കൊടുക്കാന്‍ തയാറാണോ എന്നുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ടായിരിക്കണം.

സാധ്യത: വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കാര്‍ പൂളിംഗിന് വരും നാളുകളില്‍ നമ്മുടെ നാട്ടില്‍ മികച്ച സാധ്യതകളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആപ്ലിക്കേഷന്റെ പായോഗികതയിലായിരിക്കണം ഏറെ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, മികച്ച മാര്‍ക്കറ്റിംഗ് നടത്തി കൂടുതല്‍പ്പേരെ ഇതിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍പ്പേര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു തുടങ്ങും.

 

Related information

നീരയുല്‍പ്പാദനം ഇനി വൈകില്ല

 

പാല്‍ ഉല്‍പ്പാദന മേഖലയില്‍ സംരംഭകര്‍ക്ക് അവസരങ്ങള്‍

 

കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ രംഗത്തെ ബിസിനസ് അവസരങ്ങള്‍  

 

നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ ഫ്രൂട്ട് ബെവറിജസ്  

 

വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി  

 

Courtesy: http://www.dhanamonline.com/ml/articles/details/91/1510

 

 

 

No comments:

Post a Comment