പാസ്‌പോര്‍ട്ട് എടുക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പാസ്‌പോര്‍ട്ട് കയ്യിലില്ലാത്തതിന്റെ പേരില്‍ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്. എന്നാല്‍ പഴയതുപോലെ പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നിലെ നീണ്ട നിരയില്‍ കാത്തുനിന്ന് ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ആര്‍ക്കും എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്. 
പാസ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ തന്നെ നിരവധി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളെ സമീപിച്ചാല്‍ സങ്കീര്‍ണതകളൊന്നും ഇല്ലാതെ തന്നെ പാസ്‌പോര്‍ട്ട് എടുക്കാം. കൊച്ചിന്‍ പാസ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ അഞ്ച് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആലുവ, ആലപ്പുഴ, തൃശൂര്‍, തൃപ്പൂണിത്തറ, കോട്ടയം എന്നിവിടങ്ങളിലാണ് ഈ സേവാകേന്ദ്രങ്ങള്‍. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ കണ്ണൂര്‍, പയ്യന്നൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ കൊല്ലം, നെയ്യാറ്റിന്‍കര, വഴുതക്കാട് എന്നിവിടങ്ങളിലും സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. അതിനായിwww.passportindia.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ സേവാകേന്ദ്രം സന്ദര്‍ശിക്കേണ്ട തീയതി കിട്ടും. അതിന്റെ കൂടെത്തന്നെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ചെല്ലേണ്ട സമയവും ഉണ്ടാകും. ആ സമയത്തുതന്നെ സേവാകേന്ദ്രത്തിലെത്തണം. 20 മിനിറ്റ് കൊണ്ട് സേവാകേന്ദ്രങ്ങളിലെ ആപ്ലിക്കേഷന്‍ പ്രോസസ് കഴിയും. മൈനര്‍, ക്രിമിനല്‍ കേസ് തുടങ്ങിയ സങ്കീര്‍ണതകളുള്ള പക്ഷം പാസ് പോര്‍ട്ട് ഓഫീസില്‍തന്നെ ചെല്ലേണ്ടിവരും. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ഫോട്ടോ അവിടെവെച്ചുതന്നെ എടുക്കും.  
ഓണ്‍ലൈനില്‍ത്തന്നെ ഫീസ് അടക്കാം. പാസ്‌പോര്‍ട്ടിന് 1500 രൂപയാണ് ഫീസ് അടക്കേണ്ടത്. വിശദമായ 60 പേജുള്ള ജമ്പോ ബുക്ക്‌ലെറ്റ് ആവശ്യമുള്ളവര്‍ 2000 രൂപയടക്കണം. ഓണ്‍ലൈനില്‍ അപേക്ഷകനുവേണ്ടി ആര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ സേവാകേന്ദ്രങ്ങളില്‍ അപേക്ഷകര്‍ നേരിട്ടുതന്നെ തന്നെ പോകണം. നാല് വയസുവരെയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഓഫീസില്‍ പോകുമ്പോള്‍ ഫോട്ടോ കരുതണം. 
അപേക്ഷ ഓണ്‍ലൈനില്‍ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. തത്കാലിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കും. വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തതോ, പാസ്‌പോര്‍ട്ട് ലഭിച്ചശേഷം വെരിഫിക്കേഷന്‍ മതിയെന്നുള്ളതുമായവ മൂന്ന് ദിവസം കൊണ്ട് ലഭിക്കും. വെരിഫിക്കേഷന്‍ ആവശ്യമുള്ളവ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും ലഭിക്കും. 21 ദിവസമാണ് വെരിഫിക്കേഷനെടുക്കുന്ന സമയം. 
വെരിഫിക്കേഷനായെത്തുന്ന പോലീസുകാര്‍ക്ക് ഒരുതരത്തിലും കാശ് കൊടുക്കേണ്ട കാര്യമില്ല. വെരിഫിക്കേഷനു ചെല്ലുന്ന പോലീസുകാര്‍ക്കുള്ള തുക സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കടക്കം ആര്‍ക്കും പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ അധികാരമില്ല. പൗരത്വം, ക്രിമിനലാണോ തുടങ്ങിയ കാര്യങ്ങള്‍, പിന്നെ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിലാസമടക്കം ശരിയാണോ എന്നു പരിശോധിക്കുക തുടങ്ങിയവയാണ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നത്. 
പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നിലടക്കം നിരവധി ഏജന്റുമാരെ കാണാം. എന്നാല്‍ ഒരുതരത്തിലും അവരെ സമീപിക്കരുത്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ചെന്നു നേരിട്ടുതന്നെ പാസ്‌പോര്‍ട്ട് ലഭിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യണം. 
പാസ്‌പോര്‍ട്ട് എടുക്കുന്നതിനാവശ്യമായ രേഖകള്‍ തീര്‍ച്ചയായും സേവാകേന്ദ്രങ്ങളില്‍ ചെല്ലുമ്പോള്‍ കരുതേണ്ടതാണ്. വോട്ടര്‍ ഐ.ഡി അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് വെരിഫിക്കേഷനാവശ്യമായ രേഖ,  1989 ജനവരി 26ന് ശേഷം ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കരുതേണ്ടത്. 
പാസ്‌പോര്‍ട്ട് സ്പീഡ് പോസ്റ്റ് വഴിയാണ് ലഭിക്കുക. നല്‍കുന്ന അഡ്രസില്‍ ചെറിയ തെറ്റുണ്ടെങ്കില്‍പ്പോലും പാസ്‌പോര്‍ട്ട് ലഭിക്കില്ല കാരണം അവസാന വെരിഫിക്കേഷന്‍ എന്നുള്ള രീതിയിലാണ് പോസ്റ്റല്‍ സംവിധാനം ഉപയോഗിക്കുന്നത്. 
ഏതെങ്കിലും തരത്തില്‍ പാസ്‌പോര്‍ട്ട് കളഞ്ഞുപോയാല്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ ഉടന്‍തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. അതിനൊപ്പംwww.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന Annexure L പൂരിപ്പിച്ചു നല്‍കിയാല്‍ മതി. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുപോയതെങ്കില്‍ വിവരങ്ങളൊന്നും കയ്യിലില്ലെങ്കില്‍ തീര്‍ച്ചയായും പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ ശേഖരിക്കണം. ഏതെങ്കിലും തരത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാതിരുന്നെങ്കില്‍ മാത്രമെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുകയുള്ളൂ. 
പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കുംwww.passportindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.