പ്രകാശ് അഭയ് ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്ററില്‍ കടന്നു ചെല്ലുന്നത് ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ കടങ്ങളുടെ ഭാണ്ഡവും പേറിയാണ്. ഇത്തരം വായ്‌പകള്‍ യഥേഷ്ടം ഉപയോഗിച്ച് പണം വാരിക്കോരി ചെലവഴിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ആളല്ല ഇദ്ദേഹം. പക്ഷെ, എന്നിട്ടും ഇദ്ദേഹം കടക്കെണിയില്‍ പെട്ടു. കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ അഭാവത്തില്‍ തന്റെ മകള്‍ക്ക് 7.5 ലക്ഷം രൂപ മാത്രം വരുന്ന വിദ്യാഭ്യാസ വായ്‌പ നല്‍കാന്‍ ഒരു ബാങ്ക് വിസമ്മതിച്ചതാണ് തുടക്കം. ഗത്യന്തരമില്ലാതെ പേഴ്‌സണല്‍ ലോണുകളുടെ പിറകെയും അത് തിരിച്ചടക്കാനായി ഒടുവില്‍ ക്രെഡിറ്റ് കാര്‍ഡുകളെയും ആശ്രയിച്ച് ഊരാക്കുടുക്കിലാവുകയായിരുന്നു. ഇനി അജിത്തിന്റെ കാര്യമെടുക്കാം. സ്വന്തം ബിസിനസ് ഒരുവിധം നന്നായി നടത്തിക്കൊണ്ടുപോയിരുന്ന കാലത്താണ് ആകര്‍ഷകമായ ഒരു ബിസിനസ് ലോണിന്റെ കെണിയില്‍ അദ്ദേഹത്തെ ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ മിടുക്കരായ ഏജന്റുമാര്‍ വീഴ്‌ത്തിയത്. ആ സമയത്ത് പണത്തിന്റെ ഒരത്യാവശ്യവുമില്ലാതിരുന്നിട്ടുപോലുമാണ് ഇദ്ദേഹം ഈ സാഹസത്തിനു മുതിര്‍ന്നതെന്നോര്‍ക്കണം. അതും വന്‍ പലിശ ഈടാക്കുന്ന ഒരു ലോണിടപാടില്‍. തിരിച്ചടവുകള്‍ താങ്ങാനാവാത്ത നിലയിലായപ്പോള്‍ അജിത്തിന് വീണ്ടും കടമെടുക്കേണ്ടിവരുകയും അതുവഴി ഭീമമായ കടക്കെണിയില്‍ എത്തിപ്പെടുകയും ചെയ്‌തു. ഇരുവരെയും കടക്കെണിയിലെത്തിക്കാനുണ്ടായ കാരണങ്ങള്‍ വ്യത്യസ്‌തമാണെങ്കിലും രണ്ട് കേസുകളിലും വായ്‌പ എന്തിനുവേണ്ടിയാണോ ഉദ്ദേശിച്ചിട്ടുള്ളത്, അതിനുവേണ്ടിയല്ലാതെ ഉപയോഗപ്പെടുത്തി എന്ന പൊതുവായ ഒരു ഘടകമുണ്ട്. ലോണിന്റെ പിറകെപോകുന്ന നല്ലൊരു ശതമാനം പേരെയും സംബന്ധിച്ച് ഇത് ശരിയാണ്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പിന്തുണയുള്ള ദിഷ ഫിനാന്‍സിംഗ് കൗണ്‍സിലിംഗ് സെന്റര്‍ ചീഫ് കൗണ്‍സിലറായ മദന്‍മോഹന്‍ പറയുന്നത് ശ്രദ്ധിക്കുക: ``കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി വന്‍ പലിശ നിരക്കുള്ള പേഴ്‌സണല്‍ ലോണുകളെയും ക്രെഡിറ്റ് കാര്‍ഡുകളെയും ആശ്രയിക്കുന്ന നിരവധിപ്പേരെ ഞങ്ങള്‍ക്ക് അടുത്തറിയാം. ചിലരാകട്ടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായിട്ടാണ് ഈ മാര്‍ഗങ്ങള്‍ ആശ്രയിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റില്‍ വന്‍ തകര്‍ച്ച അപ്രതീക്ഷിതമായി വരുമ്പോള്‍ ലോണ്‍ തിരിച്ചടക്കാന്‍ പറ്റാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥ വരുമെന്നവര്‍ ആലോചിക്കുന്നില്ല.'' വിദ്യാഭ്യാസ വായ്‌പകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്താണ്? പേഴ്‌സണല്‍ ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും അത്ര അടിയന്തിരമായ സാമ്പത്തികാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടവയാണെന്ന കാര്യം ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. വിദ്യാഭ്യാസ വായ്‌പകളുടെയത്ര, നൂലാമാലകളില്ലാത്ത അധികം രേഖകളും നിബന്ധനകളും നിഷ്‌കര്‍ഷിക്കാത്ത എളുപ്പം ലഭിക്കുന്ന ലോണുകളുടെ പുറകെ പോകുകയാണ് പലരും ചെയ്യുന്നത്. പക്ഷെ ഭാവിയില്‍ കൈകാര്യം ചെയ്യാവുന്നതിനപ്പുറമുള്ള കെടുതികള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ മാര്‍ഗങ്ങളുടെ പുറകെ പോകുന്നത്, മറ്റെല്ലാ മാര്‍ഗങ്ങളും ആരാഞ്ഞതിനുശേഷം മാത്രമാവണം. ഉദാഹരണത്തിന് പ്രകാശിന് താനപേക്ഷിച്ച വിദ്യാഭ്യാസ ലോണ്‍ ബാങ്കിന്റെ ബ്രാഞ്ച് തലത്തില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന തലങ്ങളെ സമീപിച്ച് സാധ്യതകള്‍ ആരായാമായിരുന്നു. അത്രയും തുകക്കുള്ള വിദ്യാഭ്യാസ വായ്‌പയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഗാരന്റിക്കപ്പുറം കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ലെന്നിരിക്കെ പ്രകാശിന് ബാങ്കിന്റെ റീജണല്‍ സോണല്‍ ഓഫീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.'' ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള അഭയ് ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്റററിലെ വി.എന്‍ കുല്‍ക്കര്‍ണി പറയുന്നു. കടബാധ്യതക്ക് അയവ് വരുത്താനായി ബാക്കിയുള്ള ഫീസാവശ്യങ്ങള്‍ക്കുവേണ്ടി ഒരു വിദ്യാഭ്യാസ ലോണിനായി മറ്റൊരു സാമ്പത്തിക സ്ഥാപനത്തെ സമീപിക്കാന്‍ ഇദ്ദേഹത്തോട് ഉപദേശിച്ചിരിക്കുകയാണിപ്പോള്‍. സംരംഭക വായ്‌പകള്‍ അതുപോലെ പുതു വ്യവസായ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നവര്‍, കടക്കെണിയില്‍ പെടാത്തവിധം സംരംഭം തുടങ്ങാനും വളര്‍ച്ചയാര്‍ജിക്കാനും വേണ്ട പണം എങ്ങനെ സമാഹരിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ ഗൃഹപാഠം മുന്‍കൂര്‍ നടത്തിയിരിക്കണം. ദേശസാല്‍കൃത ബാങ്കുകള്‍, സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് കണ്‍സോര്‍ഷ്യം സംസ്‌ഥാന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍, പുതു സംരംഭങ്ങള്‍ക്ക്, അവക്ക് ആവശ്യമായ മുതല്‍ മുടക്കും തുടങ്ങുന്ന വ്യക്തിയുടെ ചുറ്റുപാടുകളും പരിഗണിച്ച് വേണ്ട സാമ്പത്തികസഹായം നല്‍കാനായി ഇന്ന് നിലവിലുണ്ട്. ചില ബാങ്കുകള്‍ പ്രാഥമികമായി പ്രൊമോട്ടര്‍ ഒരു നിശ്ചിത തുക മുതല്‍ മുടക്കണമെന്ന് നിഷ്‌കര്‍ഷിച്ചേക്കാം. പലര്‍ക്കും അതുണ്ടായിരിക്കില്ല. അങ്ങനെ വരുമ്പോള്‍ കൊള്ളപ്പലിശയ്‌ക്ക് ഒരു പേഴ്‌സണല്‍ ലോണ്‍ സംഘടിപ്പിക്കുന്നതിനുപകരം സ്റ്റേറ്റ് കമ്മീഷണര്‍/ഡയറക്‌റ്ററേറ്റ് ഓഫ് ഇന്‍ഡസ്‌ട്രീസിന്റെ ഏതെങ്കിലും ഉദാരമായ സ്‌കീം വഴി ആ തുക സംഘടിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പ്രൊഫഷണല്‍ യോഗ്യതയുള്ള സംരംഭകര്‍ക്കാണ് ഈ സ്‌കീ മുകള്‍ പൊതുവായും ലഭ്യമാവുക എന്ന് കുല്‍ക്കര്‍ണി ചൂണ്ടിക്കാണിക്കുന്നു. പുതുസംരംഭങ്ങള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ചാല്‍ (ഇവിടെയും ഭീമപലിശയുള്ള പേഴ്‌സണല്‍ ലോണിന് പുറകെ പോകാനുള്ള പ്രേരണയുണ്ടാവാം) തന്നെയും ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫോര്‍ മീഡിയം ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസിന് (CGRMSE) നിങ്ങളെ സഹായിക്കാനാവും. കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാത്ത കൊളാറ്ററല്‍ ഫ്രീ ലോണിന്റെയോ ബാങ്ക് നല്‍കുന്ന വര്‍ക്കിംഗ് കാപ്പിറ്റലിന്റെയോ 75 ശതമാനം വരെ ഗാരന്റി ഈ സ്ഥാപനത്തില്‍ നിന്നും ലഭ്യമാണ്. ``ഒരു കോടി വരെ മുതല്‍ മുടക്കിന് ഈ ഗാരന്റി കവര്‍ ലഭ്യമാണ്. പക്ഷെ ഒരു നിശ്ചിത തുക ഒറ്റത്തവണയായി ഗാരന്റി ഫീസായും വാര്‍ഷിക സര്‍വീസ് ചാര്‍ജായും നല്‍കേണ്ടതുണ്ട്.'' കുല്‍ക്കര്‍ണി വിശദീകരിക്കുന്നു. അതുകൊണ്ട് വായ്‌പയെടുക്കേണ്ട സാഹചര്യം ഇനി വന്നാല്‍ എളുപ്പവഴി തെരഞ്ഞെടുത്ത് കടക്കെണിയില്‍ വീഴാതെ ഉദാരമായ മറ്റേതെങ്കിലും മാര്‍ഗം അതും നിങ്ങളുടെ ആവശ്യവുമായി പൊരുത്തപ്പെടുന്ന വഴി ആരായുകയാണ് ചെയ്യേണ്ടത്. (By arrangement with Economic Times) അമിതബാധ്യത ഒഴിവാക്കാം l യഥേഷ്ടം ലഭ്യമാണെതെന്നതുകൊണ്ടുമാത്രം ലോണ്‍ എടുക്കരുത്. നിങ്ങള്‍ക്ക് അത് ആവശ്യമുണ്ടോ എന്ന് ആദ്യം വിലയിരുത്തുക. l പലിശയിനത്തില്‍ എത്രമാത്രം ചെലവഴിക്കേണ്ടിവരുമെന്ന് കൃത്യമായി കണക്കുകൂട്ടുക. സെയ്‌ല്‍സ് ഏജന്റുമാരെ അന്ധമായി വിശ്വസിക്കാതിരിക്കുക. l ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യം വന്നാല്‍ ബാങ്കുമായി ചര്‍ച്ച ചെയ്‌ത് കാലാവധി നീട്ടിയോ പലിശ നിരക്ക് കുറച്ചോ ലോണ്‍ പുനഃക്രമീകരിക്കുക. l ലോണ്‍ തിരിച്ചടയ്‌ക്കാനുള്ള നിങ്ങളുടെ ആത്മാര്‍ത്ഥമായ ഉദ്ദേശം ബാങ്കിനെ ബോധ്യപ്പെടുത്തുക. l കടബാധ്യതകള്‍ ഓരോന്നായി തീര്‍ക്കാന്‍ തീരുമാനിക്കുന്നപക്ഷം, ആദ്യം ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള 48 ശതമാനം വരെ പലിശ വരാവുന്ന ബാധ്യതകള്‍ ആദ്യം തീര്‍ക്കുക. അതിനുശേഷം ഇതര വായ്‌പകള്‍ തീര്‍ക്കാന്‍ മുതിരുക. l നിങ്ങളുടെ സാമ്പത്തികശേഷി നിരന്തരം വിലയിരുത്തുക. മൊത്തം മാസവരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ നിങ്ങളുടെ EMI വരാതിരിക്കാന്‍ ശ്രദ്ധിക്കുക. l ഇരുവര്‍ക്കും വരുമാനമുള്ള ദമ്പതികളുടെ കാര്യത്തിലാണെങ്കില്‍, കുറഞ്ഞ ശമ്പളമുള്ള വ്യക്തിയുടെ വരുമാനം ഒരു കരുതല്‍ ശേഖരമായി സൂക്ഷിക്കുക. കുടുംബത്തിന്റെ സുപ്രധാനമായ പല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അത് തക്ക സമയത്ത് ഉപകരിക്കും. വായ്‌പ എടുക്കേണ്ട സാഹചര്യമുണ്ടായാല്‍ കൂടുതല്‍ വരുമാനമുള്ളയാളുടെ പേരിലായിരിക്കണം അത്. |
Tuesday, July 10, 2012
ഈസി മണിയോ അതോ കടക്കെണിയോ?
Labels:
Successful Life
Subscribe to:
Post Comments (Atom)
No comments:
Post a Comment